ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിൽ പി.വി. അൻവർ എം.എൽ.എയെ അറസ്റ്റു ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിൻ്റെ കൃത്യനിർവഹണം തടയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പി.വി. അൻവർ എം.എൽ.എ. ഉൾപ്പെടെ കണ്ടാലറിയുന്ന 11 പേർക്കെതിരെയാണ് കേസ്. പി.വി. അൻവർ ഒന്നാംപ്രതിയാണ്. പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചെന്നും എഫ്.ഐ.ആറിൽ പരാമർശമുണ്ട്.
മാധ്യമപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി അറിയിക്കുകയായിരുന്നു. അൻവറിന്റെ ഒതായിയിലെ വീട്ടിന് പുറത്ത് വൻ സന്നാഹമൊരുക്കിയ ശേഷമാണ് പൊലീസ് കസ്റ്റിഡിയിൽ എടുത്തത്. മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിയ പൊലീസ് അൻവറിനെ വീടിന് പുറത്തേക്ക് കൊണ്ടുപോയി. പിന്നാലെ അൻവറിന് പിന്തുണയുമായി അനുയായികളും ഡി.എം.കെ. പ്രവർത്തകരും തടിച്ചുകൂടി. അൻവറിനെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധിച്ചു.
എം.എൽ എ. ആയതുകൊണ്ടു മാത്രം അറസ്റ്റിനു വഴങ്ങുകയാണെന്നും മുഖ്യമന്തിയുടെ നിർദേശപ്രകാരമാണ് അറസ്റ്റെന്നും തിരിച്ചിറങ്ങിയാൽ കാണിച്ചു തരാമെന്നും അൻവർ വെല്ലുവിളിച്ചു.
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പി.വി.അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ രാവിലെ നടന്ന പ്രതിഷേധത്തിൽ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തിരുന്നു.
Discussion about this post