വന്‍ ദുരിതം വിതച്ച് ബെംഗളൂരു നഗരത്തില്‍ കനത്ത മഴ. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.
കനത്തമഴ നഗരത്തിലെ ജനജീവിതത്തെ സാരമായിബാധിച്ചു. തിങ്കളാഴ്ചയും ചെവ്വാഴ്ചയും ശക്തമായ മഴ അനുഭവപ്പെട്ടു. ദേവനഹള്ളി, കോറമംഗല, സഹകര്‍നഗര്‍, യെലഹങ്ക, ഹെബ്ബാള്‍, എച്ച്.എസ്.ആര്. ലേഔട്ട്, ബി.ഇ.എല്‍. റോഡ്, ആര്.ആര്. നഗര്‍, വസന്തനഗര്‍ തുടങ്ങിയ ഭാഗങ്ങളില്‍ മഴ അതിരൂക്ഷമായിരുന്നു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലും ശക്തമായ മഴായായിരുന്നു. 105 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തലുകള്‍. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെയെത്തി തിരച്ചില്‍ തുടരുകയാണ്. യെലഹങ്ക കേന്ദ്രീയ വിഹാര്‍ അപ്പാര്‍ട്ട്മെന്റ് പരിസരംമുഴുവന്‍ വെള്ളത്തിലായി. ഈ മാസം മൂന്നാംതവണയാണ് ഇവിടെ വെള്ളംപൊങ്ങുന്നത്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനാജീവനക്കാര്‍ അപ്പാര്‍ട്ട്മെന്റിലുള്ളവരെ റാഫ്റ്റുകളിലാണ് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്. എല്ലാവരോടും ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post