ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെതിരേ രൂക്ഷമായ ആരോപണം ഉന്നയിച്ച് നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ. അന്വേഷണ ഉദ്യോഗസ്ഥൻ പുതിയ കഥകൾ ചമയ്ക്കുന്നു എന്നാണ് സിദ്ദിഖ് ആരോപിക്കുന്നത്. ന്യായത്തിന്റെയും, നിക്ഷപക്ഷതയുടെയും അതിർവരമ്പുകൾ അന്വേഷണ ഉദ്യോഗസ്ഥൻ മറികടന്നു. പരാതിയിൽ ഉന്നയിക്കാത്ത കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നതെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത മറുപടി സത്യവാങ്മൂലത്തിൽ നടൻ സിദ്ദിഖ് ആരോപിക്കുന്നു.
സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം.
ബലാത്സംഗ കേസിൽ തനിക്കെതിരേ തെളിവുകളുടെ ഒരു കെട്ട് തന്നെ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ താൻ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും അറസ്റ്റ് ചെയ്‌തില്ലെന്ന് മറുപടി സത്യവാങ്മൂലത്തിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു. 2016 ൽ ഉപയോഗിച്ചിരുന്ന ഫോൺ കൈമാറിയില്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർ തനിക്ക് എതിരെ പറയുന്ന പ്രധാന പരാതി. എന്നാൽ പരാതിക്കാരിയും ആ കാലയളവിൽ ഉപയോഗിച്ചിരുന്ന ഫോൺ കൈമാറിയിട്ടില്ലന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post