നേതൃത്വവുമായി ഇടഞ്ഞ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് ഒരുക്കിയത്.
ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യർ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാർട്ടി വിടുമെന്ന ചർച്ചകൾ സജീവമായിരുന്നു. ഇതിനിടെയിൽ പാലക്കാട് സ്ഥാനർഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങൾ പരസ്യമായി. സന്ദീപിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ. ബാലൻ രംഗത്തെത്തിയിരുന്നു.
ഇതിനിടെ സി.പി.ഐയിൽ ചേരുമെന്ന വാർത്തകൾ വന്നു. ബി.ജെ.പി സംസ്ഥാന നേതാക്കൾ തന്നെ ഇടപെട്ട് അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും സന്ദീപ് വഴങ്ങിയിരുന്നില്ല. ഇതോടെ ബി.ജെ.പി സന്ദീപിനെതിരെ നടപടിയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാൽ നടപടിയുണ്ടായാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നായിരുന്നു സന്ദീപിൻ്റെ മറുപടി.
താൻ കോൺഗ്രസിൽ ചേർന്നതിന്റെ പൂർണ ഉത്തരവാദിത്വം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സംഘത്തിനുമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഏകാധിപത്യ പ്രവണതയുള്ള ഒരു പാർട്ടിക്കുള്ളിൽ ഞാൻ വീർപ്പുമുട്ടുകയായിരുന്നു. കേരളത്തിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പരസ്പരം ഉപരോധം ഏർപ്പെടുത്തി ജീവിക്കാനാവില്ല എന്ന പോസ്റ്റിട്ടതിന്റെ പേരിൽ ഒരു വർഷക്കാലം അച്ചടക്ക നടപടി നേരിട്ടയാളാണ് താൻ. ഇനി സ്നേഹത്തിന്റെ കടയിൽ ഒരു മെംബർഷിപ്പ് എടുക്കാനാണ് തൻ്റെ തീരുമാനമെന്നും സന്ദീപ് പറഞ്ഞു.
“കോൺഗ്രസ് നേതാക്കളുമായെല്ലാം നല്ല സൗഹൃദം സൂക്ഷിച്ചിട്ടുള്ളയാളാണ് ഞാൻ. ആശയപരമായി എതിർത്തിട്ടുണ്ടാവാം. രാഷ്ട്രീയത്തിൽ മാനവികമായി ചിന്തിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരു സംഘടനയിൽ പ്രവർത്തിക്കുമ്പോൾ അതിൽ നിന്ന് ചില കാര്യങ്ങൾ നാം പ്രതീക്ഷിക്കും. എല്ലാ ദിവസവും വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന ഒരു ഫാക്ടറിയായി നിൽക്കുന്ന ഒരു പാർട്ടിയിൽ നിന്നാണ് സ്നേഹവും കരുതലുമെല്ലാം ഞാൻ പ്രതീക്ഷിച്ചത്. അതാണ് ഞാൻ ചെയ്ത തെറ്റ്.
സ്വന്തം അഭിപ്രായങ്ങൾ പറയാനോ വ്യക്തിത്വം കാത്തുസൂക്ഷിക്കാനോ മനുഷ്യ പക്ഷത്ത് നിന്ന് ഒരു നിലപാട് പോലും പറയാനുള്ള സ്വാതന്ത്ര്യമില്ലാതെ അച്ചടക്ക നടപടി നേരിട്ടയാളാണ് ഞാൻ. ഞാൻ ജീവിച്ചു വളർന്ന എന്റെ സാമൂഹിക പരിസരത്ത് മതം തിരഞ്ഞ് പോകാൻ എനിക്ക് താൽപര്യമില്ല. അതിന്റെ പേരിലാണ് സംഘടനയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടത്. ആ കാലഘട്ടത്തിൽ പോലും സംഘടനയെ തള്ളിപ്പറയാൻ ഞാൻ തയ്യാറായിട്ടില്ല.
കേരളത്തിലുടനീളം നടന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ ഞാൻ സംസാരിച്ചിട്ടുണ്ട്. ചാനൽ ചർച്ചകളിൽ പല സുഹൃത്തുക്കളുമായും വലിയ തർക്കത്തിലേർപ്പെട്ടു. അത്രത്തോളം പാർട്ടിക്ക് വേണ്ടി ഞാൻ ആത്മാർഥമായി ഞാൻ പ്രവർത്തിച്ചു. ഇന്ന് ഈ നിമിഷം കോൺഗ്രസിൻ്റെ ആപ്പിസിൽ ഈ ത്രിവർണ ഷാൾ അണിഞ്ഞ് ഇവിടെ ഇരിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി കെ. സുരേന്ദ്രനും സംഘവുമാണ്. പാർട്ടിയിലെ തെറ്റുകൾക്കെതിരായി നിലനിന്നു എന്നതാണ് ഞാൻ ചെയ്ത കുറ്റം. ആ കുറ്റം അംഗീകരിച്ച് സ്നേഹത്തിന്റെറെ കടയിൽ ഒരു മെംബർഷിപ്പ് എടുക്കാനാണ് എൻ്റെ തീരുമാനം.”- സന്ദീപ് വാര്യർ പറഞ്ഞു
Discussion about this post