നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണൂർ ജയിൽ മോചിതനായി. ബോബിയുടെ നാടകങ്ങൾക്കിടെ ഇന്ന് രാവിലെ കേസ് പരിഗണിച്ച കോടതി കടുത്ത വിമർശനം ഉന്നയിച്ചു. വേണമെങ്കിൽ ബോബിയെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കഴിയുമെന്നും മുകളിൽ ആരുമില്ലെന്നാണോ വിചാരമെന്നും മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് അറിയാമെന്നും പറഞ്ഞു.
ബോബി ചെമ്മണ്ണൂരിന്നെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ജഡ്ജി പി.വി.കുഞ്ഞികൃഷ്ണൻ, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കുമെന്നും നാടകം കളിക്കുകയാണോയെന്നും ചോദിച്ചു. ഇന്നലെ എന്തുകൊണ്ട് പുറത്തിറങ്ങിയില്ലെന്നും 12 മണിക്ക് മുമ്പ് ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.
കോടതിയുടെ ഇടപെടൽ ഭയന്ന് ബുധനാഴ്ച രാവിലെയോടെ ജാമ്യ ഉത്തരവ് ജയിലിൽ എത്തിച്ച് നിമിഷങ്ങൾക്കുള്ളിൽ ബോബി ജയിലിൽനിന്ന് പുറത്തിറങ്ങുകയായിരുന്നു. ട്രാഫിക് ബ്ലോക് കാരണമാണ് ചൊവ്വാഴ്ച ഉത്തരവ് ജയിലിൽ എത്തിക്കാൻ കഴിയാതിരുന്നതെന്നായിരുന്നു ബോബി ചെമ്മണൂരിൻ്റെ നിലപാട്. എന്നാൽ ഇന്ന് പത്ത് മിനിട്ടിനുള്ളിൽ നടപടികൾ പൂർത്തിയാക്കി ജയിലിനു പുറത്തെത്തിക്കുകയായിരുന്നു.
ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ നിലപാടെടുത്തിരുന്നു. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെ അറിയിച്ചു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഈ നീക്കമെന്നാണ് നേരത്തെ ബോബി ചെമ്മണ്ണൂർ പറഞ്ഞത്. ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചിരുന്നു.
Discussion about this post