ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, മതനിരപേക്ഷം എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി തള്ളിയതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. “റിട്ട് ഹർജികൾക്ക് കൂടുതൽ ചർച്ചയും വിധിയും ആവശ്യമില്ല’ എന്ന് ബഞ്ച് പറഞ്ഞു.
ഒരുപാട് വർഷങ്ങൾ കഴിഞ്ഞിരിക്കെ എന്തിനാണ് ഇപ്പോൾ പ്രശ്നം ഉന്നയിക്കുന്നതെന്ന് ഹർജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസം കൊണ്ട് ക്ഷേമരാഷ്ട്രം എന്നാണ് അർത്ഥമാക്കുന്നത്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് എസ്.ആർ.ബൊമ്മെ കേസിൽ വിധിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.
മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിക്കൊണ്ട് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബൽറാം സിങ്, മുതിർന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ എന്നിവരാണ് ഹർജികൾ സമർപ്പിച്ചിരുന്നത്.
സുബ്രഹ്മണ്യം സ്വാമിയുടെ ഹർജിയെ എതിർത്ത് മുൻ എം.പിയും സി.പി.ഐ. സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം ഹർജി സമർപ്പിച്ചിരുന്നു.
Discussion about this post