ഭരണഘടനയെ അവഹേളിച്ചുള്ള പ്രസംഗത്തിന് സാംസ്കാരിക മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ തിരിച്ചടി. 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച സംഭവത്തിൽ മന്ത്രിക്ക് ക്ലീൻചിറ്റ് നൽകിയ പൊലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട് അംഗീകരിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതി ഉത്തരവും ഹൈക്കോടതി റദ്ദാക്കി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ് ഉത്തരവിട്ടു.
‘ഭരണഘടന കേവലം നിയമജ്ഞർക്കുള്ള രേഖയല്ല. ജീവൻ്റെ വാഹനവും കാലത്തിൻ്റെ ആത്മാവുമാണ്. മന്ത്രി ഉപയോഗിച്ച കുന്തം, കൊടച്ചക്രം എന്നീ വാക്കുകൾ എന്താണെന്ന് നിർവചിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഭരണഘടനയുടെ ആമുഖത്തിലെ തത്വങ്ങളോട് ചേർത്ത് ഈ വാക്കുകൾ പറയുന്നത് സദുദ്ദേശ്യപരമാണെന്ന് കരുതാനാകില്ല’ – കോടതി നിരീക്ഷിച്ചു.
ഭരണഘടനയെ അവഹേളിച്ച സംഭവത്തിൽ പൊലിസ് റിപ്പോർട്ട് തള്ളണമെന്നും തുടരന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ എം. ബൈജു നോയൽ സമർപ്പിച്ച ഹരജിയാണ് കോടതി പരി ഗണിച്ചത്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അനുവദിച്ചില്ല. പുനരന്വേഷണത്തിനുള്ള സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് സി.ബി.ഐ അന്വേഷണ ആവശ്യം തള്ളിയത്. സത്യസന്ധനായ ഉദ്യോ ഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിടണമെന്നും എത്രയുംവേഗം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
Discussion about this post