സംസ്ഥാനത്ത് ഭൂമി തരം മാറ്റലിനായി നല്കിയ രണ്ടര ലക്ഷത്തോളം അപേക്ഷകള്‍ തീര്പ്പാകാതിരിക്കുന്നു. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ ഫോറം അഞ്ചില്‍ 1,14,184ഉം ഫോറം ആറില്‍ 1,03,311ഉം അപേക്ഷകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. 20 സെന്റില്‍ താഴെയുള്ള ഭുമിയുടെ തരം മാറ്റത്തിനായാണ് ഇത്രയും അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. റവന്യൂ ഓഫീസുകളില്‍ ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുടെ കണക്കാണിത്. ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി ഒഴിവാക്കാനായുള്ള അപേക്ഷയാണ് ഫോറം അഞ്ചില്‍ നല്‍കേണ്ടത്. ഫോറം ആറിലാകട്ടെ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷയും. അപേക്ഷകള്‍ തീര്‍പ്പാക്കുന്നത് അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് പ്രത്യേക അദാലത്തുകള്‍ നടത്തുന്നതിലേക്ക് റവന്യൂ വകുപ്പ് പോകുന്നത്.
ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ 78 റവന്യൂ ഓഫീസുകളില്‍ താലൂക്ക് തലത്തിലാണ് അദാലത്തുകള്‍ നടത്തുന്നത്. ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടത്തിപ്പ്. നൂറില്‍ കൂടുതല്‍ അപേക്ഷകളുള്ള വില്ലേജുകളുടെ മേല്‍നോട്ടച്ചുമതല ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്കാണ്. വില്ലേജ് ഓഫീസര്‍മാര്‍ അപേക്ഷകളുടെ മുന്‍ഗണനാക്രമം ഒഴിവാക്കി, മേഖല തിരിച്ച് സ്ഥലപരിശോധന നടത്തണം.
വില്ലേജ് തലത്തിലുള്ള ഫോറം അഞ്ച് അപേക്ഷകളുടെ പരിശോധന ബന്ധപ്പെട്ട കൃഷി ഓഫീസറെ ഉള്‍പ്പെടുത്തിയും നടത്തണം. അദാലത്തില്‍ കൃഷി ഓഫീസറുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post