മണിപ്പുരില്‍ കലാപം അതിരൂക്ഷമായി തുടരുന്നു. ജനങ്ങള്‍ പരസ്പരം ആക്രമിക്കപ്പെട്ടിരുന്നിടത്ത് ജനപ്രതിനിധികളും ആക്രമിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍. ഞായറാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും തീവെപ്പുകള്‍ക്കും ശേഷം ഇംഫാല്‍ താഴ് വരയിലുള്ള ബി.ജെ.പി എം.എല്‍.എമാരുടേത് ഉള്‍പ്പടെ 13 നിയമസഭാംഗങ്ങളുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തു. പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കോന്തൗജം, ബി.ജെ.പി എം.എല്‍.എമാരായ വൈ.രാധേശ്യാം, പവോനം ബ്രൊജെന്‍, കോണ്‍ഗ്രസ് നിയമസഭാംഗം ടി.എച്ച്. ലോകേഷ്വര്‍ എന്നിവരുടെ ഉള്‍പ്പടെ വീടുകളാണ് തകര്‍ക്കപ്പെട്ടത്. ബി.ജെ.പി എം.എല്‍.എ കോംഖാം റോബിന്‍ദ്രോയെ കാണമെന്ന് ആവശ്യപ്പെട്ടെത്തിയ കലാപകാരികള്‍ അദ്ദേഹത്തിന്റെ വീട് തകര്‍ത്തതായി പൊലീസ് പറഞ്ഞു.
ജിരിബാമില്‍നിന്ന് സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് മണിപ്പുര്‍ വീണ്ടും സംഘര്‍ഷഭരിതമായത്. മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച ആറുപേരും. കൊലപാതകത്തിന് പിന്നില്‍ കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് എന്നാണ് ആരോപണം. കൊലപാതകവിവരം പുറത്തറിഞ്ഞതോടെ സംസ്ഥാനത്ത് പരക്കെ അക്രമമുണ്ടായി. വ്യാപക അക്രമങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഇംഫാല്‍ വെസ്റ്റ്, ഈസ്റ്റ് ജില്ലകളില്‍ അനിശ്ചിതകാലത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. 23 അക്രമികളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
അതിനിടെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു. ഇന്ന് 12 മണിക്ക് ദില്ലിയിലാകും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക. സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സാഹചര്യം വിലയിരുത്താൻ ഇന്നും യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മണിപ്പൂര്‍ കലാപത്തിൽ ശക്തമായി ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണമടക്കം മാറ്റി വച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ തന്നെ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താൻ ദില്ലിയിൽ അടിയന്തര യോഗം ചേർന്നത്. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലും, വാധ്രയിലും നടത്തേണ്ടിയിരുന്ന റാലികൾ റദ്ദാക്കി രാജ്യ തലസ്ഥാനത്തെത്തിയ അമിത് ഷാ ദില്ലിയിൽ തുടരും. ഉന്നത ഉദ്യോഗസ്ഥരുമായി ഷാ കൂടികാഴ്ചകൾ പൂർത്തിയാക്കിയതിന് പിന്നാലെ സി.ആർ.പി.എഫ് ഡി.ജി. മണിപ്പൂരിലെത്താൻ തീരുമാനിച്ചു. കൂടുതൽ കേന്ദ്രസേനയെ സംഘർഷം രൂക്ഷമായ ജിരിബാമിലേക്കും ഇംഫാലിലേക്കും അയച്ചിട്ടുമുണ്ട്.
സംഘർഷം തുടരുന്നതിനിടെ സർക്കാരിനുള്ള പിന്തുണ എൻ.പി.പി (നാഷ്ണൽ പീപ്പിൾസ് പാർട്ടി) പിൻവലിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായി. സംസ്ഥാന സർക്കാറിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി.നദ്ദയ്ക്ക് എൻ.പി.പി കത്ത് നൽകുകയായിരുന്നു. സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻ.പി.പി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ പറഞ്ഞു. 60 അംഗ മന്ത്രിസഭയിൽ 7 അംഗങ്ങളാണ് എൻ.പി.പിക്കുള്ളത്. 37 അംഗങ്ങൾ ബി.ജെ.പിക്കുമുണ്ട്. എൻ.പി.പി പിന്തുണ പിൻവലിച്ചെങ്കിലും ബിരേൻ സർക്കാരിന് അത് ഭീഷണിയാകില്ല.
Discussion about this post