വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത രാജ്യത്തെ മദ്രസകൾ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കരുതെന്ന് സർക്കാരുകളോട് സുപ്രീം കോടതി നിർദേശിച്ചു.
ജംഇയ്യത്ത് ഉലമ എ ഹിന്ദ് എന്ന സംഘടന ആണ് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് സ്ഥാപനങ്ങൾ നടത്തുന്നതിനും അവ പ്രവർത്തിപ്പിക്കുന്നതിനും ഭരണഘടന നൽകുന്ന ഉറപ്പിൻ്റെ ലംഘനമാണ് ദേശീയ ബാലാവകാശ കമ്മീഷൻ നടപടി എന്ന് ജംഇയ്യത്ത് ഉലമ എ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിംഗ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
മദ്രസകൾക്ക് സംസ്ഥാന സർക്കാരുകൾ ധനസഹായം നൽകരുതെന്നാവശ്യപ്പെട്ട് എൻ.സി.പി.സി.ആർ ചെയർമാൻ പ്രിയങ്ക് കനൂൻഗോയാണ് കത്തയച്ചത്. മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും പതിനൊന്ന് അധ്യായങ്ങളുള്ള കത്തിൽ ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരിൻ്റെ കടമയാണ്. ഒരു ബോർഡ് പ്രവർത്തിക്കുന്നു എന്നത് കൊണ്ട് മദ്രസകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തിൽ പറഞ്ഞിരുന്നു.
Discussion about this post