മലയാള ചലച്ചിത്ര ഗാനശാഖയെ ഭാവഗാനങ്ങൾ കൊണ്ട് സമ്പന്നമാക്കിയ പി.ജയചന്ദ്രൻ അന്തരിച്ചു. എൺപത് വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു.
നാളെ രാവിലെ 9 മണിക്ക് മൃതദേഹം ആശുപത്രിയിൽ നിന്നും പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ഉച്ചവരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. ശേഷം ചേന്ദമംഗലം പാലിയത്ത് വീട്ടിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും.
1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്താണ് അദ്ദേഹം ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. ഗായകൻ യേശുദാസിന്റെ സുഹൃത്തായിരുന്ന ജ്യേഷ്ഠൻ സുധാകരൻ വഴിയാണ് ജയചന്ദ്രൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്റെ ഗാനങ്ങൾ ശ്രദ്ധനേടി. ഈ ഭാഷകളിൽ എല്ലാം കൂടി 16000ലേറെ ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്.
ദേശീയ പുരസ്കാരവും അഞ്ച് തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും മികച്ച പിന്നണി ഗായകനുള്ള തമിഴ്നാട് സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. 2021ൽ കേരള സർക്കാരിൻ്റെ ജെ സി ഡാനിയൽ പുരസ്കാരവും ലഭിച്ചു.
Discussion about this post