സസ്പെൻഷനിലുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. എന്നാൽ രേഖകൾ മുഴുവൻ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമാണ് പൊലീസ് നിലപാട്. അതിനാൽ തന്നെ വീണ്ടും നിയമോപദേശം തേടുമെന്നും പൊലീസ് പറയുന്നു.
സിറ്റി പൊലിസ് കമ്മീഷണർക്കാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകിയത്. മതപരമായ വിഭാഗീയത ഉണ്ടാക്കാൻ ഗ്രൂപ്പ് തുടങ്ങിയതിൽ കേസെടുക്കാമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ മുഖാന്തരം സിറ്റി പൊലിസ് കമ്മീഷണർക്ക് നൽകിയ നിയമോപദേശത്തിൽ പറയുന്നത്.
വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ്റെ സസ്പെൻഷനിലേക്ക് നയിച്ച മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് കേട്ടുകേൾവിയില്ലാത്ത വിധത്തിലായിരുന്നു ഉണ്ടാക്കിയത്. സർവ്വീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഗ്രൂപ്പ്. ഫോൺ ഹാക്ക് ചെയ്ത് 11 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ചേർത്തു എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഗോപാലകൃഷ്ണനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.
Discussion about this post