തൃശൂർ വാഴച്ചാൽ, അതിരപ്പിള്ളി, ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മയക്കുവെടി വച്ചത്. പിന്തുടർന്ന ദൗത്യസംഘത്തിന് നേരെ ആന പാഞ്ഞടുത്തിരുന്നു. അതിരപ്പള്ളിയിലെ വെറ്റിലപ്പാറ കാലടി പ്ലാൻ്റേഷനിൽ രാവിലെ മുതൽ കൂട്ടമായി നിന്നിരുന്ന ആന കൂട്ടത്തിൽ നിന്ന് മാറിയ അവസരത്തിലാണ് മയക്കുവെടി വച്ചത്. ആന മയങ്ങുന്നതിനനുസരിച്ച് തുടർ ചികിത്സകൾ നൽകും. നിൽക്കുന്ന അവസ്ഥയിൽ തന്നെ ചികിത്സ നൽകാനാണ് തീരുമാനം. മുറിവ് വിശദമായി പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കുത്തേറ്റതാണ് മുറിവിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നും എന്നാൽ മുറിവ് ഉണങ്ങാൻ സമയമെടുക്കുമെന്നും വിദഗ്ധ സംഘം പറഞ്ഞു. കാട്ടാനയെ നിരീക്ഷിക്കാൻ വനപാലക സംഘത്തോടൊപ്പം അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാരായ ഡോ. ബിനോയ് സി ബാബു, ഡോ. ഒ വി മിഥുൻ, പാലക്കാട് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് എന്നിവർ വാടാമുറി വനമേഖലയിലെത്തിയിരുന്നു. വിക്രം, സുരേന്ദ്രൻ എന്നി കുങ്കിയാനകളും ദൗത്യത്തിന്റെ ഭാഗമാകും.
നേരത്തെ വ്യാഴാഴ്ച മൂന്ന് സംഘങ്ങളായി തിരച്ചിൽ നടത്തിയിട്ടും ആനയെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം ആനയെക്കണ്ട പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിരുന്നു. 20 അംഗങ്ങളുള്ള ദൗത്യസംഘം വിപുലപ്പെടുത്തിയായിരുന്നു അന്വേഷണം.
Discussion about this post