മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും 30 പേർക്ക് ജീവൻ നഷ്ടമായതായി പൊലീസ്. 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ള 5 പേരെ തിരിച്ചറിയാനുണ്ടെന്നും ഡി.ഐ.ജി. വൈഭവ് കൃഷ്ണ പറഞ്ഞു. 90 പേർക്കാണ് പരിക്കേറ്റതെന്നും ഡി.ഐ.ജി. സ്ഥിരീകരിച്ചു. അത്യാവശ്യ സാഹചര്യങ്ങളിൽ ഹെൽപ് ലൈൻ നമ്പറായ 1920-ൽ ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചു.
ബാരിക്കേഡ് മറികടക്കാൻ വലിയ ആൾക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയിൽ വലിയ ജനക്കൂട്ടമെത്തിച്ചേർന്നു. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നു എന്ന് വ്യക്തമാക്കിയ യോഗി ആദിത്യനാഥ് ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും കൂട്ടിച്ചേർത്തു.
അതേ സമയം കുംഭമേളയിലെ ദുരന്തത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വി.ഐ.പി. സന്ദർശനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ക്രമീകരണങ്ങളിലെ വീഴ്ചക്ക് കാരണമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം, ദുരന്തമുണ്ടായ ത്രിവേണി ഘട്ടിൽ സ്നാനം വീണ്ടും തുടങ്ങി.
Discussion about this post