മഹാരാഷ്ട്രയിലെ നാഗ്പുരിൽ ആയുധനിർമാണശാലയിൽ വൻ സ്ഫോടനം. എട്ട് പേർ മരണപ്പെട്ടു, ബന്ദാര ജില്ലയിലാണ് സ്ഫോടനമുണ്ടായ ഫാക്ടറി പ്രവർത്തിക്കുന്നത്. സ്ഫോടനത്തിൽ എട്ടുപേർ മരിച്ച വിവരം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സ്ഥിരീകരിച്ചു. എട്ട് പേർ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു.
രാവിലെ പത്തരയോടെ ഫാക്ടറിയിലെ എൽ.ടി.പി സെക്ഷനിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിൽ ഫാക്ടറിയുടെ മേൽക്കൂര തകർന്ന് ജീവനക്കാർക്ക് മേലെ പതിക്കുകയായിരുന്നു. എക്സ്കവേറ്റർ ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തതെന്ന് ഫാക്ടറിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
വലിയ സ്ഫോടനമാണുണ്ടായതെന്ന് സമീപവാസികളും പ്രതികരിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിൽ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു, കറുത്ത പുക ഉയരുന്നത് കണ്ടതായും സമീപവാസികൾ പറഞ്ഞു.
Discussion about this post