മഹാരാഷ്ട്രയിലെ ജൽഗാവിൽ ട്രെയിനിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് അപായച്ചങ്ങല വലിച്ച് പുറത്തിറങ്ങിയ 12 യാത്രക്കാർ തൊട്ടടുത്ത ട്രാക്കിലൂടെ പോയ ട്രെയിനിടിച്ച് മരിച്ചു. മുംബൈയിൽനിന്ന് 400 കിലോമീറ്റർ അകലെ പച്ചോറയ്ക്ക് സമീപമുള്ള മഹേജി- പർധഡെ സ്റ്റേഷനുക ൾക്കിടയിലാണ് അപകടം. ഏഴ് യാത്രികർക്ക് പരിക്കേറ്റു.
ലഖ്നൗ- മുംബൈ പുഷ്പക് എക്സ്പ്രസിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്റെ യന്ത്രഭാഗങ്ങൾ ചൂടായി പുഷ്പക് എക്സ്പ്രസിന്റെ ഒരു കോച്ചിനുള്ളിൽ തീപ്പൊരിയുണ്ടായി. ഇതോടെ ട്രെയിനിന് തീപിടിച്ചെന്ന് കരുതി പരിഭ്രാന്തരായ യാത്രക്കാർ ചെയിൻ വലിച്ച് വണ്ടി നിർത്തി. യാത്രക്കാർ പുറത്തേക്കിറങ്ങി തൊട്ടടുത്ത ട്രാക്കിൽ നിൽക്കുകയായിരുന്നു. ഈ സമയം എതിർ ദിശയിൽ നിന്ന് വന്ന ബംഗളൂരു-ഡൽഹി കർണാടക എക്സ്പ്രസ് അപകടമുണ്ടാക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി.
ചിന്നിച്ചിതറിയ മൃതദേങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മഹാരാഷ്ട്ര മന്ത്രി ഗിരിഷ് മഹാജനും ജൽഗാവ് പൊലീസ് സൂപ്രണ്ടും ഉൾപ്പടെയുള്ളവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംഭവം വേദനാജനകമാണെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് എക്‌സിൽ കുറിച്ചു.
Discussion about this post