സംസ്ഥാനത്ത് മാലിന്യ സംസ്കരണ പ്ലാന്റുകള്‍ക്കായി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ലഭ്യമാക്കാന്‍ മന്ത്രിസഭാ തീരുമാനം. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലും എം.സി.എഫുകള്‍ (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) സ്ഥാപിക്കാന്‍ പുറമ്പോക്ക് ഭൂമി അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് അനുവദിക്കുക. എം.സി.എഫിന് ഭൂമി അനുവദിക്കാന്‍ കലക്ടര്‍മാര്‍ക്ക് അനുമതി നല്കിയ മാതൃകയിലാവും നടപടി.മാലിന്യശേഖരണം സജീവമായതോടെ മാലിന്യം വേര്‍തിരിക്കാനും സംസ്കരിക്കാനും കൂടുതല്‍ പ്ലാന്റുകള്‍ ആവശ്യമാണ്. 2000 ചതുരശ്ര അടിയെങ്കിലുമുള്ളതായിരിക്കണം എം.സി.എഫുകള്‍ എന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പഞ്ചായത്ത്, നഗരസഭ, കോര്പറേഷന് പരിധിയിലായി 1293 എം.സി.എഫുകളും 17809 മിനി എം.സി.എഫുകളും 167 റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്.ആര്.എഫ്) കളുമാണുള്ളത്. കൂടുതല്‍ മാലിന്യം ശേഖരിച്ച് എത്തിക്കുന്നതിനാല്‍ സൗകര്യം വര്‍ധിപ്പിച്ച് എം.സി.എഫുകള്‍ നിര്‍മിക്കാനാണ് പല തദ്ദേശ സ്ഥാപനങ്ങളും ആലോചിക്കുന്നുണ്ട്. എന്നാല്‍ സ്ഥലലഭ്യത കുറവായതിനാല്‍ ഇതിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പുറമ്പോക്ക് ഭൂമി കണ്ടെത്തി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
മന്ത്രിസഭയുടെ മറ്റു തീരുമാനങ്ങള്‍
വയനാട് ദുരന്തത്തില്‍ നഷ്ടമായതോ/നശിച്ചുപോയതോ ആയ ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബാധ്യതാസര്‍ട്ടിഫിക്കറ്റ് എന്നിവ ദുരന്തബാധിതര്‍ക്ക് സൗജന്യമായി നല്‍കുന്നതിന് മുദ്ര വിലയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കി നല്‍കിയത് സാധൂകരിച്ചു.
ഭൂപരിധിയില്‍ ഇളവ്
എറണാകുളം രാജഗിരി ഹെല്‍ത്ത് കെയര്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് ആശുപത്രി വികസനത്തിന് ഭൂപരിഷ്കരണ നിയമപ്രകാരം നിബന്ധനകളോടെ ഭൂപരിധിയില്‍ ഇളവ് അനുവദിക്കും.
എന്റെ കേരളം പോര്‍ട്ടല്‍
പൊതുജന സമ്പര്‍ക്കത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന് കീഴില്‍ എന്റെ കേരളം പോര്‍ട്ടല്‍ ആരംഭിക്കുന്നതിനും സ്പെഷ്യല്‍ സ്ട്രാറ്റജി ആന്റ് കമ്മ്യൂണിക്കേഷന്‍ ടീമിനെ ഒരു വര്‍ഷത്തേക്ക് രൂപീകരിക്കുന്നതിനും സിഡിറ്റ് സമർപ്പിച്ച നിര്‍ദ്ദേശം അംഗീകരിച്ചു.
Discussion about this post