കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവത്തില്‍ ഹോട്ടല്‍ ഉടമയായ പ്രതി പിടിയില്‍. പ്രതി ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണ്. മറ്റു രണ്ടു പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കുന്നംകുളത്ത് നിന്നാണ് ദേവദാസിനെ പിടികൂടിയത്. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെങ്കിലും പൊലീസ് പിടിയിലാകുന്നത്. പ്രതിയെ മുക്കത്ത് എത്തിച്ചു.
പൊലീസ് ഇന്ന് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
സംഭവത്തില്‍ വനിത കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കോഴിക്കോട് റൂറല്‍ എസ്.പിയോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.
ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടില്‍ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നല്‍കിയത്. പ്രതികളില്‍ നിന്ന് കുതറിമാറി പ്രാണ രക്ഷാര്‍ത്ഥം പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടി. അതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ കുടുംബം പുറത്തുവിട്ടിരുന്നു.
നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post