പീഡനശ്രമത്തിനിടെ കോഴിക്കോട് മുക്കത്ത് കെട്ടിടത്തില്‍ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് കുടുംബം. യുവതിയെ ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമായാണ് തെളിവുകള്‍ കുടുംബം പുറത്തുവിട്ടത്. മുക്കം പൊലീസ് പ്രതിചേര്‍ത്ത ഹോട്ടല്‍ ഉടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടില്‍ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. പ്രതികളില്‍ രക്ഷപ്പെട്ട് പ്രാണ രക്ഷാര്‍ത്ഥം പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. അതിനു തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്.
മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലില്‍ ജോലിക്ക് കയറിയിട്ട്. പെണ്‍കുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടല്‍ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. വനിതാ സഹപ്രവര്‍ത്തകര്‍ അവധിയില്‍ പോയ തക്കം നോക്കി വീട്ടില്‍ അതിക്രമിച്ച് കയറിതടക്കം ഗുരുതര കുറ്റം ചെയ്യുകയും പ്രതികള്‍ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും പൊലീ്സ് നടപടി സ്വീകരിക്കാത്തതെന്തെന്ന് കുടുംബം ചോദിക്കുന്നുണ്ട്.
നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
Discussion about this post