മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ സർക്കാർ തീരുമാനം. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരാണ് കമ്മീഷൻ’ ഭൂമിയുടെ ഉടമസ്ഥർക്ക് റവന്യൂ അധികാരം നഷ്ടമായതടക്കമുള്ള വിഷയങ്ങൾ കമ്മീഷൻ പരിശോധിക്കും. മുനമ്പം പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് കമ്മീഷന് നിർദേശം.
കമ്മിഷനെ വയ്ക്കാനുള്ള തീരുമാനം നിരാശാജനകമെന്നാണ് മുനമ്പം സമരസമിതി പ്രതികരിച്ചത്. റിലേ നിരാഹാര സമരം തുടരുമെന്ന് സമരസമിതി പ്രഖ്യാപിച്ചു.റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് താമസക്കാർ സമരം ആരംഭിച്ചിരുന്നു. സമരം 43 ദിവസം പിന്നിട്ടപ്പോഴാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിർണായക നീക്കം.
സിദ്ദിഖ് സേഠ് ഫാറൂഖ് കോളേജിന് ദാനമായി നൽകിയ 404 ഏക്കർ ഭൂമിയുടെ പേരിലാണ് മുനമ്പത്തെ തർക്കം. ഭൂമി വഖഫ് സ്വത്തായി 2019-ൽ വഖഫ് ബോർഡ് രജിസ്റ്റർ ചെയ്തു. എന്നാൽ വിദ്യാഭ്യാസ ആവശ്യത്തിനു നൽകിയ ഭൂമി അതിനായി ഉപയോഗിച്ചില്ലെന്നും അതിനാൽ വഖഫിൻ്റെ വസ്‌തുവല്ലെന്നും പ്രതിഷേധക്കാർ വാദിക്കുന്നു. താമസിക്കുന്ന ഭൂമി വില കൊടുത്തു വാങ്ങിയതാണെന്നും നികുതി അടച്ചിരുന്നുവെന്നും അവർ പറയുന്നു.
Discussion about this post