മുൻ എം.എൽ.എയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നൽകുന്നതെന്ന് ചോദിച്ച സുപ്രീം കോടതി ചെങ്ങന്നൂർ മുൻ എം.എൽ.എയായിരുന്ന കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹർജി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. പ്രശാന്തിന്റെ ആശ്രിത നിയമനം മുമ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
മതിയായ യോഗ്യതകൾ പ്രശാന്തിനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്നുമുള്ള സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലം തള്ളിയാണ് സുപ്രീം കോടതിയുടെ തീരുമാനം. പ്രശാന്ത് സർവീസിൽ ഇരുന്ന കാലത്ത് വാങ്ങിയിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്.
2018 ജനുവരിയിലായിരുന്നു കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയറായി ആശ്രിത നിയമനം നൽകിയത്.
കേരള സബോഡിനേറ്റ് സർവീസ് ചട്ടം പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമനം നടത്താൻ മന്ത്രിസഭയ്ക്ക് കഴിയുമോയെന്ന കാര്യവും സുപ്രീം കോടതി പരിശോധിച്ചു. ഒരു എം.എൽ.എയുടെ മകന് ഇത്തരത്തിലൊരു നിയമനം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.
Discussion about this post