ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. മെൽബണിൽ നടന്ന മത്സരത്തിൽ 184 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 340 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 155ന് എല്ലാവരും പുറത്താവുകയായിരുന്നു. 84 റൺസ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസീസിന് വേണ്ടി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. നതാൻ ലിയോണിന് രണ്ട് വിക്കറ്റുണ്ട്.
സ്കോർ: ഓസ്ട്രേലിയ 474 & 234, ഇന്ത്യ 369 & 155. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസീന് 2-1ന് മുന്നിലെത്തി. ഇനി സിഡ്നിയിലെ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.
മെൽബണിൽ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 33 റൺസിനെ മുൻ താരങ്ങളെ ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശർമ (9), കെ എൽ രാഹുൽ (0), വിരാട് കോലി (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തിൽ നഷ്ടമായത്. രോഹിത്താണ് ആദ്യം മടങ്ങിയത്. 40-ാം പന്തിലാണ് രോഹിത് പുറത്താവുന്നത്. റൺസെടുക്കും മുമ്പ് രാഹുലിനെ കമ്മിൻസ് ഫസ്റ്റ് സ്ലിപ്പിൽ ഉസ്മാൻ ഖവാജയുടെ കൈകളിലെത്തിച്ചു. കോലിക്ക് അഞ്ച് റൺസെടുക്കാനാണ് സാധിച്ചത്. രണ്ടാം സെഷനിൽ വിക്കറ്റൊന്നും ഇന്ത്യക്ക് നഷ്ടമായിരുന്നില്ല. പന്ത്-ജയ്സ്വാൾ സഖ്യം 88 റൺസ് ചേർക്കുകയും ചെയ്. എന്നാൽ ചായയ്ക്ക് ശേഷം ഇന്ത്യ കൂട്ടതകർച്ച നേരിട്ടു. 34 റൺസിനിടെ ഇന്ത്യക്ക് ഏഴ് വിക്കറ്റുകൾ നഷ്ടമായി.
Discussion about this post