ഭരണമുന്നണിക്ക് അനുകൂലമായി പക്ഷപാതപരമായി പെരുമാറുന്ന നിലപാടില്‍ പ്രതിഷേധിച്ച് രാജ്യസഭാധ്യക്ഷന് ജഗ്ദീപ് ധന്‍ഖറിനെതിരായി പ്രതിപക്ഷ പാര്‍ടികള്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്കി. അവിശ്വാസ പ്രമേയ നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയെന്ന് കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എം.പിയുമായ ജയ്റാം രമേശ് അറിയിച്ചു.
തിങ്കളാഴ്ച രാജ്യസഭയില്‍ ഭരണകക്ഷി നേതാക്കള്‍ക്ക് യഥേഷ്ടം സംസാരിക്കാന്‍ അവസരം നല്കിയ ധന്‍ഖര്‍ പ്രതിപക്ഷത്തിന് അവസരം നിഷേധിച്ചിരുന്നു. യു.എസ് വ്യവസായി ജോര്‍ജ് സോറോസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നുവെന്ന ബി.ജെ.പിയുടെ ആക്ഷേപം ധന്‍ഖര്‍ ഏറ്റെടുക്കുകകൂടി ചെയ്തതോടെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള തീരുമാനത്തിലേക്ക് പ്രതിപക്ഷ പാര്‍ടികള്‍ എത്തുകയായിരുന്നു.
തിങ്കളാഴ്ച ജോര്‍ജ് സോറോസ് വിഷയം ഉയര്‍ത്താന്‍ ബി.ജെ.പിക്ക് അവസരം നല്കിയ ധന്‍ഖര്‍ തുടര്‍ന്ന് സഭാ നേതാവ് കൂടിയായ കേന്ദ്രമന്ത്രി ജെ.പി. നദ്ദയ്ക്കും പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജുവിനും സംസാരിക്കാന്‍ അവസരം നല്കി. ജോര്‍ജ് സോറോസ് വിഷയം ഉന്നയിച്ച് തിങ്കളാഴ്ച സഭാനടപടികള്‍ തടസപ്പെടുത്താനായിരുന്നു ബി.ജെ.പിയുടെ നീക്കം. ഇത് ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ ശ്രമിച്ചപ്പോള്‍ ധന്‍ഖര്‍ അവസരം നിഷേധിച്ചു. പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. ബഹളത്തെ തുടര്‍ന്ന് പലവട്ടം നിര്‍ത്തിയ സഭ മൂന്നുമണിക്ക് ചേര്‍ന്ന ഘട്ടത്തിലാണ് ജോര്‍ജ് സോറോസ് വിഷയം സഭാധ്യക്ഷന് സ്വയം ഏറ്റെടുത്തത്. രാജ്യത്തിനെതിരായി ചില ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് ശ്രമമെന്നും ധന്‍ഖര്‍ പറഞ്ഞു.
ധന്‍ഖര്‍ പൂര്‍ണമായും ഭരണകക്ഷിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശം നേരത്തെതന്നെ പ്രതിപക്ഷ പാര്‍ടികള്‍ക്കുണ്ട്.
Discussion about this post