രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് നിയമനടപടിക്കൊരുങ്ങുന്നു. തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ നിയമത്തിൻ്റെ വഴി തേടുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും തൊഴിൽ നിഷേധരീതിയിലും നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമന്റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ നിയമനടപടി കൈകൊള്ളുന്നുവെന്ന് ഹണിറോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
‘രാഹുൽ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓർഗനൈസ്ഡ് ക്രൈം ഓപ്പറേഷൻ കാരണം ഇത്തരം അവസ്ഥയിൽ പെട്ട് പോകുന്ന സ്ത്രീകൾ പരാതിയുമായി മുന്നോട്ടു വരാൻ മടിക്കും. അത്തരം നടപടികൾ ആണ് തുടർച്ചയായി രാഹുൽ ഈശ്വർ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത്. താങ്കളും താങ്കൾ പിന്തുണക്കുന്ന, ഞാൻ പരാതി കൊടുത്ത വ്യക്തിയുടെ പി.ആർ. ഏജൻസികളും എനിക്കെതിരെ നടത്തുന്നത് ഈ ഓർഗനൈസ്ഡ് ക്രൈമിൻ്റെ ഭാഗമാണ്.’ -ഹണി റോസ് പോസ്റ്റിൽ പറയുന്നു.
ഹണിറോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെ കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെ വിചിത്രവാദവുമായി രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ഒരു മിനിറ്റിന്റെ തമാശയ്ക്ക് ഒരാളെ വർഷങ്ങളോളം ജയിലിൽ ഇടണമെന്ന് പറയുന്നത് അന്യായമാണ്. ബോബി ചെമ്മണ്ണൂരിനെ സോഷ്യൽ ഓഡിറ്റ് ചെയ്യുന്നപോലെ ഹണി റോസും ഓഡിറ്റ് ചെയ്യപ്പെടണമെന്നും ചാനൽ ചർച്ചയിൽ രാഹുൽ പറഞ്ഞിരുന്നു.
അതേസമയം വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗിക അധിക്ഷേപ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്. പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും പരിശോധിച്ച് വരികയാണ് സെൻട്രൽ പൊലീസ്. നിലവിൽ ഭാരതീയ ന്യായ സംഹിതത 75, ഐ.ടി ആക്ട് 67 എന്നിവയാണ് ചുമത്തിയിരിക്കുന്നത്. അതുപോലെ ബോബി ചെമ്മണ്ണൂർ നടത്തിയ മറ്റ് അശ്ലീല പരാമർശങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സമൂഹ മാധ്യമങ്ങൾ വഴി നടത്തിയ അശ്ലീല പരാമർശ വീഡിയോകൾ ജാമ്യത്തെ എതിർത്ത് കോടതിയിൽ പൊലീസ് ഹാജരാക്കും.
Discussion about this post