നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരേ കേസെടുത്തു. ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാർഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും കാണിച്ച് ചൊവ്വാഴ്ച വൈകുന്നേരമാണ് ഹണി റോസ് പരാതി നൽകിയത്.
സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പരാതിയുടെ വിവരങ്ങൾ നടി പുറത്തുവിട്ടത്. ‘താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കൾ താങ്കളുടെ പണത്തിൻ്റെ ഹുങ്കിൽ വിശ്വസിക്കു, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു.’ എന്നാണ് വിവരം അറിയിച്ചുകൊണ്ട് ഹണി റോസ് കുറിച്ചത്.
ദ്വയാർഥ പ്രയോഗം നടത്തി, പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരേ ഹണി റോസ് സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ പ്രതികരണത്തിന് താഴെ അധിക്ഷേപ കമന്റുകൾ വന്നിരുന്നു. അശ്ലീല കമൻ്റുകളിട്ട 30-ഓളം പേർക്കെതിരേ ഞായറാഴ്ച രാത്രി എറണാകുളം സെൻട്രൽ പൊലീസിൽ ഹണി റോസ് പരാതി നൽകി. ഇതിൽ മുപ്പതോളം പേർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. കുമ്പളം സ്വദേശി ഷാജിയെ ഈ കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഹണി റോസിന്റെ പരാതിയെ തുടർന്ന് മറ്റുള്ളവരെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കുമെന്ന് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.
Discussion about this post