അധോലക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയി യു.എസിൽ അറസ്റ്റിൽ. 50-കാരനായ അൻമോൽ തിങ്കളാഴ്ച വൈകിട്ട് അറസ്റ്റിലായതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
2022-ൽ പഞ്ചാബി ഗായകൻ സിന്ധു മൂസ്വാലയുടെ കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ അധികൃതർ അന്വേഷിക്കുന്ന വ്യക്തിയാണ് അൻമോൽ. കൂടാതെ, ബാബ സിദ്ദിഖി വധം, നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പിലും ഇയാൾക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്.
എൻ.ഐ.എ.യുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണ് അൻമോൽ. ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഇയാൾ പ്രതിയാണ്. അൻമോൽ ബിഷ്ണോയിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ പറ്റി സൂചന നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികവും എൻ.ഐ.എ. പ്രഖ്യാപിച്ചിരുന്നു.
ലോറൻസ് ബിഷ്ണോയ് അറസ്റ്റിലായ സാഹചര്യത്തിൽ ഇവരുടെ അധോലോക സംഘത്തിന്റെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് അൻമോൽ ബിഷ്ണോയ് ആണെന്നാണ് വിവരം. ബാബ സിദ്ദിഖിയുടെ കൊലപാതകം അടക്കം ഈ സമയങ്ങളിൽ നടന്ന അക്രമസംഭവങ്ങളുടെ എല്ലാം സൂത്രധാരൻ അൻമോലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈ മാസം ആദ്യംതന്നെ ഇയാളെ യു.എസിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം മുംബൈ ക്രൈംബ്രാഞ്ച് ആരംഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രത്യേക കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post