പാലക്കാട്ടെ വമ്പൻ തോൽവിക്ക് പിന്നാലെ കേന്ദ്രനേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ച് ബിപജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് എന്നിവരെ സുരേന്ദ്രൻ നേരിട്ട് രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും പാലക്കാട്ടെ തോൽവിയിൽ ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്നുമാണ് സുരേന്ദ്രൻ അറിയിച്ചത്. എന്നാൽ രാജിവയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചെന്ന് സുരേന്ദ്രൻ പക്ഷം പറയുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ സുരേന്ദ്രൻ തുടരട്ടെ എന്ന നിലപാടാണ് നേരത്തെയും കേന്ദ്രനേതൃത്വം സ്വീകരിച്ചിരുന്നതെന്നും പറയുന്നു.
ബി.ജെ.പിക്ക് സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള പാലക്കാട് മണ്ഡലത്തിലെ തോൽവിയുടെ ഉത്തരവാദിത്വം സുരേന്ദ്രൻ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാർടിയിൽ കലാപക്കൊടി ഉയർന്നിരുന്നു.
അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ.സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ശോഭാ സുരേന്ദ്രനും അവരെ അനുകൂലിക്കുന്ന 18 നഗരസഭ കൗൺസിലർമാരും ചേർന്ന് ജയസാധ്യത അട്ടിമറിച്ചെന്നാണ് കെ.സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രൻ്റെ ഡ്രൈവറുടെ നേതൃത്വത്തിൽ കണ്ണാടി മേഖലയിൽ വോട്ട് മറിച്ചുവെന്നും സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു. സ്മിതേഷ് മീനാക്ഷി, ദിവ്യ, സാബു തുടങ്ങിയ നഗരസഭ കൗൺസിലർമാർ സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതായും സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സഹപ്രഭാരിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് സുരേന്ദ്രൻ്റെ ആവശ്യം.
Discussion about this post