ഉപതിരഞ്ഞെടുപ്പിൻ്റെ ആവേശത്തിലാല ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്സഭാ മണ്ഡലത്തിലും പ്രചാരണത്തിന് തിങ്കളാഴ്ച കൊട്ടിക്കലാശം. വൈകിട്ട് അഞ്ചിന് പരസ്യപ്രചാരണം അവസാനിക്കും. 13നാണ് തിരഞ്ഞെടുപ്പ്. കൽപ്പാത്തി രഥോത്സവംമൂലം ഉപതിരഞ്ഞെടുപ്പ് 20ലേക്ക് നീട്ടിയ പാലക്കാട്ട് 18നാണ് കൊട്ടിക്കലാശം.
പ്രചാരണം അവസാനഘട്ടത്തിലേ ക്കുനീങ്ങവേ വിദ്വേഷ പ്രചാരണവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. വയനാട് മണ്ഡലത്തിൽ ഇന്നലെ പ്രചാരണത്തിനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണനുമാണ് കമ്പളക്കാട്ട് വർഗീയപ്രസംഗം നടത്തി ദ്രുവീകരണത്തിന് ശ്രമിച്ചു.
ജനങ്ങളെ ഭിന്നിപ്പിക്കാൻ ബി. ജെ.പി എന്തും ചെയ്യുമെന്നതിൻ്റെ ഉദാഹരണമാണ് കേന്ദ്ര സഹമന്ത്രിയുടെ വർഗീയ പരാമർശമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്ത സമയത്ത് കൊട്ടിഘോഷിച്ചെത്തിയ മോദിയും സുരേഷ് ഗോപിയും വയനാടിനായി ഒരു രൂപയുടെ സഹായം പോലും ചെയ്യാതെ കൊടിയ വർഗീയത പരത്തുകയാണ്. പൊതുസമൂഹമാകെ ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി കരുതുന്ന ശബരിമലയും വേളാങ്കണ്ണി പള്ളിയും വരെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപതിരഞ്ഞെടുപ്പിൽ കള്ളപ്പണം ഉൾപ്പെടെ എല്ലാവിഷയവും ചർച്ചചെയ്യുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
Discussion about this post