വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ശരീരത്തിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പഴകിയതും പുതിയതുമായ മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. മരണകാരണം കണ്ടെത്താൻ വിശദമായ പോസ്റ്റ് മോർട്ടം നടത്തും. പെൺകടുവയാണ് ചത്തത്.
കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ചത്തതാണോയെന്നും സംശയമുണ്ട്. പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് പുലർച്ചെ 2.30 ഓടെ ജഡം കണ്ടെത്തിയത്. കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും കിട്ടിയ ജഡത്തിലെയും ഐഡൻറിഫിക്കേഷൻ മാർക്കുകൾ ഒത്തു നോക്കിയാണ് ചത്തത് ആളെ കൊല്ലി കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്.
വയനാട് പഞ്ചാരകൊല്ലിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം കടുവയ്ക്കായി കാടുകയറിയുള്ള പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
കടുവയെ വെടി വെച്ചിട്ടില്ലെന്നും രാത്രി അത്തരത്തിലുള്ള ഒരു പ്രവർത്തനം അസാധ്യമായിരുന്നുവെന്നും ഡോ. അരുൺ സക്കറിയ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 12.30-ന് കടുവയെ കണ്ടതായി വിവരം ലഭിച്ചു. 2:30 വരെ കടുവയെ നിരീക്ഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കടുവയെ ചത്തനിലയിൽ കണ്ടെത്തിയ വാർത്ത ആഹ്ളാദത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. എങ്കിലും ചത്തത് രാധയുടെ ജീവനെടുത്ത നരഭോജി കടുവതന്നെയാണ് ശാസ്ത്രീയമായി തെളിയണമെന്ന നിലപാടിലാണ് ഇവർ. മറ്റ് പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യമുള്ളതിനാൽ ദൗത്യം തുടരുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കി. ചത്തത് നരഭോജി തന്നെയാണെന്ന് വനംവകുപ്പും ആർ.ആർ.ടി സംഘവും സ്ഥിരീകരിച്ചതോടെ ഭീതിയുടെ പിടിയിൽ നിന്ന് ഈ നാട് മോചിപ്പിക്കപ്പെടുകയാണ്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് നാട് സന്തോഷവാർത്തയെ വരവേറ്റത്.
Discussion about this post