വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താൽക്കാലിക വാച്ചറുടെ ഭാര്യയാണ് മരിച്ച രാധ.
കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിനേത്തുടർന്ന് സംഭവസ്ഥലത്ത് സംഘർഷാവസ്ഥയാണ്. വന്യജീവി ആക്രമണമുണ്ടായതിനേത്തുടർന്ന് പ്രദേശവാസികൾ വനംവകുപ്പിനെതിരേ വലിയ പ്രതിഷധമാണ് ഉയർത്തുന്നത്. മന്ത്രി ഒ.ആർ. കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെയും ജനരോഷമുയർന്നു. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. നരഭോജി കടുവയെ വെടിവച്ച് കൊല്ലണം എന്നാവശ്യപ്പെട്ടാണ് ജനങ്ങൾ പ്രതിഷേധമുയർത്തിയത്.
മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. കടുവയാണ് ആക്രമിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇവരുടെ തലയുടെ പിൻഭാഗം ഭക്ഷിച്ച നിലയിലാണ്. കാടിനുള്ളിലാണ് മൃതദേഹം. മാനന്തവാടി പൊലീസിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുകയാണ്.
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കടുവയെ വെടിവെയ്ക്കാൻ ജില്ലാഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.
Discussion about this post