വയനാട്ടിലെ പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തെ കടുവ ആക്രമിച്ചു. കടുവയുടെ ആക്രമണത്തിൽ ആർ.ആർ.ടി. സംഘാംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർ.ആർ.ടി. അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. ഉൾക്കാട്ടിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൈക്കും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുണ്ട്.
തറാട്ട് ഭാഗത്ത് കടുവാ തെരച്ചിലിനിടെ ആയിരുന്നു സംഘാംഗത്തിന് പരിക്കേറ്റത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്.
വന്യജീവി ആക്രമണമുണ്ടായതായി മന്ത്രി എ.കെ.ശശീന്ദ്രനും സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 3 വെറ്റിനറി ഡോക്ടർമാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടി തെരച്ചിൽ നടത്തുന്നത്. എട്ടു പേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്.
നേരത്തെ കൂടിനു സമീപം വരെ കടുവ എത്തിയെങ്കിലും കൂട്ടിലേക്ക് കയറിയിരുന്നില്ല. കടുവയെ കണ്ടെത്തിയാൽ നിയമപ്രകാരമുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും വെടിവെക്കേണ്ട സാഹചര്യമുണ്ടായാൽ വെടിവെക്കുമെന്നും മന്ത്രി ഒ.ആർ. കേളു വ്യക്തമാക്കി.
Discussion about this post