വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ അതിജീവിച്ചവർക്കായി ഒരുക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ ഉടമസ്ഥാവകാശം ദുരന്തബാധിതർക്ക് തന്നെ നൽകും. എന്നാൽ ക്രയവിക്രയം അനുവദിക്കില്ല. സർക്കാർ നൽകുന്ന വീടുകൾ വിറ്റ് പോകുന്ന അവസ്ഥ പല സ്ഥലങ്ങളിലും ഉണ്ട്. അതിനാലാണ് ഈ നിബന്ധന കൊണ്ടുവരുന്നത്.
ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമപട്ടിക ഈ മാസം 25നകം പു റത്തിറക്കും. അതിജീവിതർക്ക് ഉപജീവനമാർഗം ഒരുക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ മൈക്രോ പ്ലാൻ സർവേ നടത്തിയിരുന്നു. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽപെടുന്ന 4658 പേർ അടങ്ങുന്ന 1084 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. പ്രത്യേക പരിഗണന നൽകേണ്ടതായിട്ടുള്ള സ്ത്രീകൾ മാത്രമുള്ള 84 കുടുംബങ്ങളേയും വിധവകൾ മാത്രമുള്ള 38 കുടുംബങ്ങളേയും കുട്ടികൾ മാത്രമുള്ള 3 കുടുംബങ്ങളേയും വയോജനങ്ങൾ മാത്ര മുള്ള 4 കുടുംബങ്ങളേയും ഒരംഗം മാത്രമുള്ള 87 കുടുംബങ്ങളേയും സർവേ വഴി കണ്ടെത്തിയിട്ടുണ്ട്.
ടൗൺഷിപ്പിലേക്ക് പുനരധിവസിപ്പിക്കപെട്ട ശേഷം ദുരന്തബാധിത മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അവരവർക്ക് തന്നെയായിരിക്കും. ഉരുൾപൊട്ടിയ ഭൂമി വന പ്രദേശമായി മാറാതിരിക്കാൻ കലക്റ്റീവ് ഫാമിങ് പോലുള്ള ഉൽപാദനപരമായ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള സാധ്യതകൾ പരിഗണിക്കും. ആ ഭൂമി ഉടമക ളിൽ നിന്ന് അന്യംനിന്നുപോകില്ല. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് രണ്ട് ഘട്ടമായിട്ടാണെങ്കിലും പുനരധിവാസം ഒരുമിച്ച് നടപ്പാക്കും.
വീടുകളുടെ കൃത്യമായ എണ്ണം നിശ്ചയിച്ചിട്ടില്ല. ആവശ്യമായ വീടുകൾ ഇപ്പോൾ കണ്ടത്തിയ സ്ഥലങ്ങളിൽ നിർമിക്കാൻ കഴിയില്ല. പൂർണമായി വീടു തകർന്നവർക്കാവും മുൻ ഗണന.
Discussion about this post