വയനാട്ടിലെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിര്‍ണായക വിധി. ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ നഷ്ടപരിഹാരം നല്‍കികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി വിധിച്ചത്. നാളെ മുതല്‍ സര്‍ക്കാരിനെ ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഏറ്റെടുക്കാം. നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും ടൗണ്‍ഷിപ്പ് ആയി എസ്റ്റേറ്റ് ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് സര്‍ക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും നഷ്ടപരിഹാരത്തില്‍ തര്‍ക്കം ഉണ്ടെങ്കില്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു.
ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സിവില്‍ കോടതികളിലെ നടപടിയിലും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് സിവില്‍ കോടതി പിന്നീട് കണ്ടെത്തിയാല്‍ ഇപ്പോള്‍ കൈപ്പറ്റുന്ന നഷ്ടപരിഹാര തുക എസ്റ്റേറ്റ് ഉടമകള്‍ തിരികെ നല്‍കേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നഷ്ടപരിഹാരം കൈപ്പറ്റുന്നതിന് മുമ്പ് എസ്റ്റേറ്റ് ഉടമകള്‍ ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് സുപ്രധാന വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എല്‍സ്റ്റണുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post