വയനാട് മുണ്ടകെ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സഹായം ഇല്ലാത്ത സാഹചര്യത്തിൽ സ്വന്തം നിലക്ക് പദ്ധതി രൂപീകരിക്കാൻ സംസ്ഥാനം. ഇതിനായുള്ള കർമപദ്ധതിക്ക് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. ടൗൺഷിപ്പിന് സ്പോൺസർമാരാകാൻ താൽപര്യമുള്ളവരുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും.
ടൗൺഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ കാലതാമസം കൂടാതെ നിർവഹിക്കുന്നതിന് സ്പെഷ്യൽ ഓഫീസറായി (വയനാട് ടൗൺഷിപ്പ് – പ്രിലിമിനറി വർക്ക്സ്) ഡോ. ജെ.ഒ.അരുണിന് അധിക ചുമതല നൽകി കൊണ്ട് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ജില്ലയിലെ വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ ഉരുൾപ്പൊട്ടലിൽ ദുരന്ത ബാധിതരായവരുടെ പുനരധിവാസത്തിന് മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുള്ള വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജിൽ ബ്ലോക്ക് നമ്പർ 28, സർവെ നമ്പർ 366 ൽ പ്പെട്ട നെടുമ്പാല എസ്റ്റേറ്റിലെ സ്ഥലവും കൽപ്പറ്റ വില്ലേജിലെ ബ്ലോക്ക് നമ്പർ 19ലെ സർവെ നമ്പർ 88/1ൽപെട്ട എൽസ്റ്റോൺ എസ്റ്റേറ്റിലെ സ്ഥലവും പൊസഷൻ ഏറ്റെടുക്കുന്നതിനും മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുവാനും 2024 ഒക്ടോബർ 10 ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ, പണിത് നൽകാൻ ഉദ്ദേശിക്കുന്ന വീടുകളുടെ രൂപരേഖ പ്രതീക്ഷിക്കുന്ന ചെലവ് അടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി സ്പോൺസർമാരെ ധരിപ്പിക്കും. ടൗൺഷിപ്പുകളുടെ നിർമാണത്തിന് കണ്ടെത്തിയ എൽസ്റ്റോൺ നെടുമ്പാല എസ്റ്റേറ്റുകളിലെ സർവേ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഫീൽഡ് സർവേ പൂർത്തിയാക്കിയ ശേഷം ദുരന്ത നിവാരണ നിയമപ്രകാരം ഉള്ള നഷ്ടപരിഹാരം കണക്കാക്കി തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.
Discussion about this post