കാസർകോട് – തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ മൂന്ന് മണിക്കൂറിലധികം വഴിയിൽ കുടുങ്ങിയ ശേഷം യാത്ര തുടർന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടത്. വന്ദേ ഭാരത് തിരികെ ഷൊർണൂർ സ്റ്റേഷനിൽ എത്തിച്ച് പുതിയ എൻജിൻ ഘടിപ്പിച്ചതിന് ശേഷമാണ് യാത്ര തുടർന്നത്. വന്ദേ ഭാരത് പിടിച്ചിട്ടതോടെ മറ്റ് ട്രെയിനുകളുടെ സമയക്രമത്തെയും ബാധിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർക്കായി അങ്കമാലിയിൽ വന്ദേഭാരത് നിർത്തും.
ഇന്ന് 5.30 ന് ഷൊർണൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ട കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് സാങ്കേതിക തകരാർ മൂലം വൈകിയത്. അതിവേഗ യാത്രയ്ക്കായി വന്ദേഭാരതിനെ ആശ്രയിച്ച യാത്രക്കാർ ഇതോടെ ദുരിതത്തിലായി. ഷൊർണൂർ സ്റ്റേഷനിൽ നിന്ന് നീങ്ങിയ ട്രെയിൻ ഷൊർണൂർ പാലത്തിനടുത്ത് നിർത്തുകയായിരുന്നു.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തൃശൂരിലേക്ക് യാത്ര തിരിച്ച ട്രെയിൻ ഷൊർണൂർ പാലത്തിന് സമീപമെത്തിയപ്പോഴാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ട്രെയിൻ പിടിച്ചിടുകയായിരുന്നു. 6.11നാണ് ട്രെയിൻ തൃശൂരിലെത്തേണ്ടിയിരുന്നത്. വൈദ്യുത സംവിധാനത്തിലെ തകരാറാണെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post