വിമാനത്തിൽ നാളികേരമുള്ള ഇരുമുടിക്കെട്ടിന് അനുവാദം നൽകി വ്യോമയാന മന്ത്രാലയത്തിൻ്റെ ഉത്തരവ്. ശബരിമല തീർഥാടകർക്ക് വേണ്ടി വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസ് ആണ് ഉത്തരവിറക്കിയത്. മണ്ഡല മകരവിളക്ക് തീർഥാടനം അവസാനിക്കുന്ന 2025 ജനുവരി 20 വരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്. കർശനമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ വിമാനത്തിൽ ഇരുമുടിക്കെട്ടിന് പ്രവേശനം നൽകുകയുള്ളൂ.
സാധാരണ നിലയിൽ വിമാനയാത്രയ്ക്കിടെ യാത്രക്കാരുടെ ബാഗേജിൽ നാളികേരം അനുവദിക്കാറില്ല. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ അപകടകരമായ വസ്തുവിന്റെ പട്ടികയിലാണ് നാളികേരത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് വരുന്നവർക്ക് അവരുടെ നാട്ടിൽ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് വിമാനത്തിൽ വരാൻ കഴിഞ്ഞിരുന്നില്ല. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾക്ക് താൽകാലിക ഇളവ് നൽകി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
Discussion about this post