അര്‍ധരാത്രിയുള്ള റെയ്ഡിനു പിന്നാലെ പാലക്കാട് കെ.പി.എം. ഹോട്ടലില്‍ വീണ്ടും പോലീസ് പരിശോധന. ഹോട്ടല്‍ സി.ഇ.ഒ. പ്രസാദ് നായരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഹാര്‍ഡ് ഡിസ്ക് അടക്കം അന്വേഷണ സംഘം പിടിച്ചെടുത്തു.
22 സി.സി.ടി.വികള്‍ ഹോട്ടലില്‍ ഉണ്ടെന്നാണ് വിവരം. ഇവയെല്ലാം പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം രാത്രിമുതല്‍ പുലര്‍ച്ചവരെ നടന്ന നാടകീയ രംഗങ്ങളില്‍ എന്തൊക്കെയാണ് സംഭവിച്ചത് എന്ന് കണ്ടെത്തേണ്ടതുണ്ട്. ആരോപണം ഉന്നയിക്കുന്നതുപോലെ നീല ട്രോളി ബാഗില്‍ പണം കടത്തിയിട്ടുണ്ടോ അങ്ങനെ ഒരു ബാഗ് ഉണ്ടോ എന്ന കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.
സൈബര്‍ സെല്‍ വിദഗ്ധര്‍, പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് സംഘം അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ചേര്‍ന്നുകൊണ്ടാണ് അന്വേഷണം നടക്കുന്നത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന എന്നും വിഷയം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷിക്കുമെന്നും നേരത്തെ തന്നെ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അന്വേഷണ സംഘം ഹോട്ടലില്‍ എത്തി പരിശോധന വിവരങ്ങള്‍ ശേഖരിച്ചത്.
പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോട്ടലില്‍ കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്നും അതുമാറ്റാനുള്ള ശ്രമവും നടന്നു എന്ന ആരോപണങ്ങളാണ് ഉയരുന്നത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയത്. അനധികൃത പണം കൈവശംവച്ചിരിക്കുന്നെന്ന് ആരോപിച്ചായിരുന്നു പൊലിസ് നടപടി.
Discussion about this post