കാസര്‍കോട് ജില്ലയിലെ അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് കളിയാട്ടത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് 154 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങിനിടെയാണ് അപകടം. നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കണ്ണൂര്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിലര്‍ മംഗളൂരുവിലെ വിവിധ ആശുപത്രിയിലും ചികിത്സയിലാണ്. നീലേശ്വരം തേജസ്വിനി ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും 60 പേര് ചികിത്സയിലുണ്ട്. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കുണ്ട്. തെയ്യം പുറപ്പാടിനിടെ പടക്കം പൊട്ടിക്കുമ്പോള്‍ വെടിപ്പുരയിലേക്ക് തീപ്പൊരി വീഴുകയായിരുന്നു. തെയ്യക്കാലത്തിന് തുടക്കം കുറിച്ചുനടക്കുന്ന കളിയാട്ടത്തിന്റെ ആദ്യദിനം മൂവായിരത്തോളം പേര് തെയ്യം കാണാനെത്തിയിരുന്നു. പൊള്ളലേറ്റും തീ ആളിപ്പടരുമ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടുമാണ് പരിക്ക്.
സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെ എട്ട് പേര്‍ക്കെതിരെയാണ് കേസ്. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു.
അപകടത്തില്‍ ജില്ലാഭരണകൂടം പ്രാഥമികമായ അന്വേഷണം ആരംഭിച്ചതായി കലക്ടര്‍ വ്യക്തമാക്കി. അനുമതിയില്ലാതെയാണ് വെടിക്കെട്ടിന്റെ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നും പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടവും ആളുകള്‍ നിന്നിരുന്ന സ്ഥലവും തമ്മില്‍ നിയമാനുസൃതമായ അകലം ഉണ്ടായിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്പ പറഞ്ഞു.
Discussion about this post