വൈക്കത്ത് നവീകരിച്ച തന്തൈപെരിയാര്‍ സ്മാരകവും പെരിയാര്‍ ഗ്രന്ഥശാലയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വൈക്കം വലിയ കവലയിലെ പെരിയാര്‍ സ്മാരകം ഉദ്ഘാടനത്തിനു ശേഷം ബീച്ച് മൈതാനിയില്‍ പൊതുസമ്മേളനം നടക്കും.
പെരിയാര്‍ സ്മാരകം വൈക്കം സത്യഗ്രഹത്തില്‍ തന്തൈപെരിയാര്‍ എന്ന ഇ.വി. രാമസ്വാമി പങ്കെടുത്തതിന്റെയും അദ്ദേഹത്തിന്റെ ധീരോദാത്തമായ പ്രവര്‍ത്തനങ്ങളുടെയും ഓര്‍മകളുണര്‍ത്തുന്ന സ്മാരകവും ഗ്രന്ഥശാലയും 8.14 കോടി രൂപ ചെലവിട്ടാണ് തമിഴ്നാട് സര്‍ക്കാര്‍ നവീകരിച്ചത്. സ്റ്റാലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തമിഴ്നാട് പൊതുമരാമത്തു വകുപ്പാണ് പെരിയാര്‍ സ്മാരക നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പെരിയാര്‍ പ്രതിമയ്ക്കു പുറമേ അദ്ദേഹത്തിന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള മ്യൂസിയം, ലൈബ്രറി, കുട്ടികളുടെ പാര്‍ക്ക്, ഓപ്പണ്‍ എയര്‍ തീയറ്റര്‍ ഉള്‍പ്പെടെയുള്ള വിപുലമായ സ്മാരകമാണ് ഒരുക്കിയിരിക്കുന്നത്.6.09 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ലൈബ്രറിയുമാണുള്ളത്.
വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്ത് കേരള സര്‍ക്കാര്‍ വിട്ടു നല്കിയ 70 സെന്റ് സ്ഥലത്ത് 1985ലാണ് പെരിയാര്‍ പ്രതിമ തമിഴ്നാട് സ്ഥാപിച്ചത്.
കേരളത്തിന്റെ പ്രശ്നങ്ങളിൽ തമിഴ്നാടും തമിഴ്നാടിന്റെ പ്രശ്നങ്ങളിൽ കേരളവും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർത്ഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കം ബീച്ചിൽ നടന്ന തന്തൈ പെരിയാർ സ്മാരകം, പെരിയാർ ഗ്രന്ഥശാല എന്നിവയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
വൈക്കം സത്യാഗ്രഹം കേരളത്തിന്റെ മാത്രം പോരാട്ടമല്ല, ഇന്ത്യയിലെ സാമൂഹിക അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമായിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പറഞ്ഞു. ഇത് പെരിയാറിന്റെ വിജയമാണെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ അഭിമാന നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post