ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തിലും വന്‍ വര്‍ധന. 12 ദിവസം കൊണ്ട് 9,13,437 പേരാണ് ദര്‍ശനം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3,59,515 തീര്‍ഥാടകരാണ് ഇത്തവണ അധികമായി ദര്‍ശനം നടത്തിയത്. 2023ല്‍ 12 ദിവസംകൊണ്ട് 5,53,925 പേര് ദര്‍ശനം നടത്തിയിരുന്നു.
തീര്‍ഥാടനകാലം തുടങ്ങി 12 ദിവസം പിന്നിടുമ്പോള്‍ വരുമാനത്തില്‍ 15.89 കോടി രൂപയുടെ വര്‍ധനയുണ്ടായി. ഇത്തവണ ഇതുവരെ 63.01 കോടിയാണ് വരവ്. കഴിഞ്ഞ മണ്ഡലകാലത്ത് ഇതേ സമയത്ത് 47.12 കോടി രൂപയാണ് ലഭിച്ചത്. അപ്പം വിതരണത്തിലൂടെ 3.53 കോടിയും അരവണ വിതരണത്തിലൂടെ 28.93 കോടിയുമാണ് ലഭിച്ചത്.
വ്യാഴാഴ്ചയായിരുന്നു ഈ സീസണിലെ കൂടിയ തിരക്ക്. 87,999 അയ്യപ്പമ്മാര് അന്ന് ദര്‍ശനം നടത്തി. ഏറ്റവും കൂടുതല്‍ സ്പോട്ട് ബുക്കിങ് രേഖപ്പെടുത്തിയതും അന്നായിരുന്നു. 15,514 പേര്. കാനനപാത വഴി 768 പേര് എത്തി. നിലവില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിങ് 70,000ത്തില്‍നിന്ന് ഉയര്‍ത്തുന്നത് പരിഗണനയിലില്ല. സ്പോട്ട് ബുക്കിങ് ഉള്‍പ്പെടെ ഭക്തരുടെ എണ്ണം പരമാവധി 90,000 ആയി നിജപ്പെടുത്തുകയാണ് ലക്ഷ്യം.
Discussion about this post