തീർഥാടനകാലം പകുതി പിന്നിട്ടപ്പോൾ ശബരിമലയിൽ തീർഥാടകരുടെ തിരക്കേറുന്നു. ശനിയാഴ്ച വരെ 28,93,210 പേരാണ് എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 4,45,703 ഭക്തരുടെ വർധനയുണ്ട്. വെർച്ചൽ ക്യൂ ബുക്കിങ് വഴി 23,42,841 പേരും തൽസമയ ഓൺലൈൻ ബുക്കിങ് (സ്പോട്ട് ബുക്കിങ്) വഴി 4,90,335 പേരുമാണ് എത്തിയത്. പുൽമേട് വഴി വന്നവർ 60304 ആണ്. ഞായറാഴ്ച ഉച്ചയ്ക്കു 12 മണിവരെ 10966 പേർ സ്പോട്ട് ബുക്കിങ് വഴി എത്തിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താൽ ഇതുവരെയുള്ള സ്പോട്ട് ബുക്കിങ് അഞ്ചുലക്ഷം ( 501,301) കവിഞ്ഞു.
ഈ തീർഥാടനകാലത്ത് ഇതുവരെയുള്ള ഏറ്റവും വലിയ തീർഥാടക പ്രവാഹത്തിനു സാക്ഷ്യം വഹിച്ച വ്യാഴം, വെള്ളി ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ തീർഥാടകരുടെ എണ്ണത്തിൽ ചെറിയ തോതിൽ കുറവ് വന്നിട്ടുണ്ട്. ആകെ 92001 പേരാണ് എത്തിയത്. വ്യാഴാഴ്ച 96007, വെള്ളിയാഴ്ച 96853 എന്നിങ്ങനെയായിരുന്നു തീർഥാടകരുടെ എണ്ണം.ഇന്നലെ വെർച്വൽ ക്യൂ ബുക്കിങ് വഴി 59,921 പേരാണ് എത്തിയത്. സ്പോട്ട് ബുക്കിങ്ങിലൂടെ 22,202 പേരും.
സ്പോട്ട് ബുക്കിങ്ങിലൂടെ എത്തുന്നവരുടെ എണ്ണം തുടർച്ചയായ മൂന്നാംദിവസവും 22000ത്തിനു മുകളിലാണ്. കഴിഞ്ഞ അഞ്ചുദിവസം കൊണ്ടു മാത്രം ഒരുലക്ഷത്തിലേറെപ്പേർ (1,03,465) സ്പോട് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തി ദർശനം സാധ്യമാക്കി.
തുടർച്ചയായ മൂന്നാംദിവസവും ഭക്തരുടെ എണ്ണം 90000 കവിഞ്ഞെങ്കിലും എല്ലാവർക്കും സുഖദർശനം ഉറപ്പാക്കാനായിട്ടുണ്ട്.
Discussion about this post