മണ്ഡലകാലം 30 ദിവസം പിന്നിടുമ്പോൾ ശബരിമലയിലെ വരുമാനത്തിൽ മുൻവർഷങ്ങളേക്കാൾ 22 കോടി രൂപയുടെ വർധനയുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ശനി വരെ 163,89,20,204 രൂപയാണ് വരുമാനം ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയം 141,12,97,723 രൂപയായിരുന്നു വരുമാനം. കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ 22,76,22,481 രൂപയുടെ അധിക വരുമാനം ഉണ്ടായി. അരവണയുടെ വിറ്റുവരവ് 82,67,67,050 രൂപയാണ്, കഴിഞ്ഞ വർഷത്തേക്കാൾ 17, 41,19,730 രൂപ അധിക വരുമാനമായുണ്ട്.
തീർഥാടകരുടെ എണ്ണത്തിലും വർധനയുണ്ട്. 22,67,956 തീർഥാടകരാണ് ശനി വരെ ദർശനം നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ അധികമെത്തിയത് 4,51,043 തീർഥാടകർ. സർക്കാർ, ദേവസ്വം ബോർഡ്, പൊലീസ് തുടങ്ങി എല്ലാവരും സംയുക്തമായി എടുത്ത മുന്നൊരുക്കങ്ങളുടെ വിജയം കൂടിയാണ് തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഉണ്ടായ വർധന.
സന്നിധാനത്ത് അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി ദേവസ്വം ബോർഡ് പുതിയ ഗൂർഖ ആംബുലൻസ് വാങ്ങും. ഈ മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് വാഹനം വാങ്ങാനാണ് ബോർഡ് ആലോചിക്കുന്നത്. പെരിയാർ കടുവ സങ്കേതത്തിനുള്ളിലായതിനാൽ വാഹനമോടിക്കാൻ കോടതിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. ഇത് ഉടനടി പൂർത്തീകരിക്കും. നിലവിൽ സന്നിധാനം ഗവ. ആശുപത്രിയിൽ ബോർഡിന്റെ ഒരു ഗൂർഖ ആംബുലൻസുണ്ട്. ഫോർസ് മോട്ടോഴ്സിന്റെ ഗൂർഖ ജീപ്പ് കുത്തനെയുള്ള മലകയറ്റത്തിനും ഓഫ്റോഡ് ഉപയോഗത്തിനും ക്ഷമതയുള്ള വാഹനമാണ്. ഒരു വാഹനം കൂടി വരുന്നത് തീർഥാടകർക്ക് സഹായകമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
Discussion about this post