ശബരിമലയിൽ മകരവിളക്ക് ദർശനം ഇന്ന്. മകര വിളക്ക് പൂജകൾക്കായി പുലർച്ചെ മൂന്നിന് നട തുറന്നു. ഒൻപതോടെ മകരസംക്രമ പൂജയും കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന നെയ് അഭിഷേകം നടത്തി. വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. 5.30ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവം സ്വീകരിക്കും.
6.15ന് കൊടിമരച്ചുവട്ടിൽ തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത്, മെമ്പർമാരായ അഡ്വ. എ അജികുമാർ, ജി സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിക്കും. ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന പേടകം തന്ത്രി കണ്ഠര് രാജീവരും മകൻ കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. 6.30ന് നടയടച്ച് തിരുവാഭരണം ചാർത്തി ദീപാരാധന. തുടർന്ന് നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും.
രാത്രി മണിമണ്ഡപത്തിൽ കളമെഴുത്ത്. തുടർന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് എഴുന്നള്ളിപ്പും നായാട്ട് വിളിയും. 17വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പവിഗ്രഹം ദർശിക്കാം. നെയ്യഭിഷേകം 18 വരെ മാത്രം. 18ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 19ന് രാത്രി 10ന് മാളികപ്പുറം സന്നിധിയിൽ വലിയ ഗുരുതി. 19ന് രാത്രി ഹരിവരാസനം പാടും വരെ തീർഥാടകർക്ക് ദർശനം സൗകര്യം നൽകും. 20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം ഹരിവരാസനം പാടി നടയടയ്ക്കും.
Discussion about this post