ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഇന്ന് തുടക്കമായി. മണ്ഡലകാല പൂജകൾക്കായി ശബരിമല നട തുറന്നു. നാല് മണിക്കാണ് മേൽശാന്തി പി.എൻ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചത്. താഴമൺ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവർ ക്ഷേത്രത്തിലേക്ക് ആനയിച്ചു. മേൽശാന്തിമാരെ കൈപിടിച്ചാണ് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്കെത്തിച്ചത്.
നാളെ വൃശ്ചിക പുലരിയിൽ പുലർച്ചെ മൂന്നിന് നട തുറക്കുന്നത് പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആയിരിക്കും. നാളെ മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്.
ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിങ് പൂർണമായും നിറഞ്ഞു. പുതിയ മേൽശാന്തിമാർ ഇന്നു ചുമതലയേൽക്കും. മണ്ഡലകാലം പ്രമാണിച്ച് കോട്ടയം പാതയിൽ ശബരിമല സ്പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു.
ശബരിമലയിലെത്തുന്ന ഭക്തർക്ക് കണക്ടിവിറ്റി- നെറ്റ്‌വർക്ക് ഉറപ്പാക്കാൻ ബിഎസ്എൻഎൽ. ഒരു സിമ്മിൽ അര മണിക്കൂർ വീതം സൗജന്യമായി വൈഫൈ ഉപയോഗിക്കാം. പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച രാവിലെ പമ്പയിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബിഎസ്എൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ജ്യോതിഷ്‌കുമാർ, ജെടിഒ അഭിലാഷ് എന്നിവർ പങ്കെടുത്തു. നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 ഇടങ്ങളിൽ വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ സ്‌ഥാപിച്ചതായി ബിഎസ്എൻഎൽ ശബരിമല ഓഫിസ് ഇൻ ചാർജ് എസ്.സുരേഷ് കുമാർ പറഞ്ഞു. ശബരിമല പാതയിൽ 4ജി ടവറുകളും ഒരുക്കി.
മകരവിളക്ക് തീർഥാടനത്തിനായി ഡിസംബർ 30 വൈകിട്ട് 5ന് നടതുറക്കും. 31 പുലർച്ചെ 3ന് മകരവിളക്കു പൂജകൾക്ക് തുടക്കം. 2025 ജനുവരി 11 – എരുമേലി പേട്ടതുള്ളൽ. രാവിലെ അമ്പലപ്പുഴ, ഉച്ചയ്ക്കു ശേഷം ആലങ്ങാട്. ജനുവരി 12 – പന്തളത്തു നിന്നു തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നു. ജനുവരി 13- പമ്പ വിളക്ക്, പമ്പാസദ്യ. ജനുവരി 14 തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5ന് ശരംകുത്തിയിൽ. മകരസംക്രമപൂജ, വൈകിട്ട് 6.30 തിരുവാഭരണം ചാർത്തി ദീപാരാധന, മകരജ്യോതി ദർശനം. രാത്രി മാളികപ്പുറം മണിമണ്ഡപത്തിൽ കളമെഴുത്ത്, മാളികപ്പുറത്തു നിന്നുള്ള എഴുന്നള്ളത്ത്.
Discussion about this post