പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിരിഞ്ഞു. ലോക്സഭയും രാജ്യസഭയും ബുധനാഴ്ച വരെ നിർത്തിവച്ചു. അദാനി വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് സഭ പിരിഞ്ഞത്. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ വിഷയം ഉന്നയിക്കാൻ ശ്രമിച്ചത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തടഞ്ഞു. തുടർന്ന് പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. നാളെ ഭരണഘടനാ ദിനാചരണത്തിൻ്റെ ഭാഗമായ ആഘോഷങ്ങൾ നടക്കുന്നതിനാൽ സഭ സമ്മേളിക്കുന്നില്ല.
അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം.പി അടിയന്തരപ്രമേയ നോട്ടീസ് നൽകി. ചട്ടം 267 പ്രകാരമാണ് നോട്ടീസ് നൽകിയത്. അദാനി ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയുള്ള സമീപകാല സംഭവവികാസങ്ങൾ, സാമ്പത്തിക ക്രമക്കേട്, ഓഹരി കൃത്രിമം, അക്കൗണ്ടിംഗ് തട്ടിപ്പ്, കൽക്കരി വില വർദ്ധിപ്പിച്ചത്, കൈക്കൂലി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ നോട്ടീസിൽ ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ചു.
ദുരന്തനിവാരണ ഭേദഗതി ബിൽ, വഖഫ് നിയമ ഭേദ ഗതി, ഉൾപ്പെടെ 16 ബില്ലുകൾ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പരിഗണിക്കും. ഇരുപതോളം ബില്ലുകൾ ചർച്ചചെയ്യാനാണ് ഷെഡ്യൂൾ ചെയ്തിരുന്നത്.
ജനം തള്ളിക്കളഞ്ഞവർ പാർലമെന്റിന്റെ പ്രവർത്തനം തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റ് തടസപ്പെടുന്നത് കാരണം ഏറ്റവും അധികം പ്രയാസം നേരിടുന്നത് യുവ എം.പിമാരാണ്. കാര്യക്ഷമമായ സമ്മേളനമാണ് പ്രതീക്ഷിക്കുന്നതെന്നും സഭ തടസപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് പിന്തുണയില്ലെന്നും പാർലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ മോദി പറഞ്ഞു.
Discussion about this post