ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അമൂല്യ പുരാവസ്തുശേഖരത്തിൽ പെട്ട നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തിലെ പ്രതികളെ തിരുവനന്തപുരത്തെത്തിച്ചു. മൂന്നുസ്ത്രീകൾ അടക്കമുള്ള പ്രതികളാണ് പിടിയിലായത്. ഇന്ത്യയിൽ ജനിച്ച് ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ജാഗണേഷ് എന്നയാളും പിടിയിലായവരിലുൾപ്പെടുന്നു. വിപുലമായ അന്വേഷണത്തിനൊടുവിൽ ഹരിയാനയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
ഒക്ടോബർ 13 ന് രാവിലെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. അതീവ സുരക്ഷാ മേഖലയിലായിരുന്നു മോഷണം. സംസ്ഥാന പൊലീസിന്റേയും കേന്ദ്രസേനയുടേയും സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് ഉരുളി മോഷണം പോയത്.
തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയെന്നാണ് പിടിയിലായ പ്രതികൾ പറഞ്ഞത്. ദർശനത്തിന് വേണ്ടിയാണ് ക്ഷേത്രത്തിൽ എത്തിയതെന്നും തളിപ്പാത്രം കണ്ടപ്പോൾ പൂജിക്കാനായും ഐശ്വര്യത്തിനു വേണ്ടി സൂക്ഷിക്കാനാണ് ഇത് എടുത്തതെന്നും പ്രതികൾ പറയുന്നു. മാത്രമല്ല ഉരുളി എടുത്തത് ജീവനക്കാരുടെ അറിവോടെയാണെന്നും അതുകൊണ്ടാണ് ആരും പിടികൂടാതെ പുറത്തു കൊണ്ടുവരാനാലതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
എന്നാൽ ഈ മൊഴി പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
Discussion about this post