കീടനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. മൂന്നാം പ്രതി നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവും വിധിച്ചു. കേസില്‍ ഗ്രീഷ്മയും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജഡ്ജി എ.എം.ബഷീറാണ് വിധി പ്രസ്താവിച്ചത്.
2023 ജനുവരി 25നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.
കോടതി വിധിയില്‍ നൂറ് ശതമാനം തൃപ്തനാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്.വിനീത് കുമാര്‍ പറഞ്ഞു. കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായി വലിയ അഭിനന്ദനം കോടതി നല്‍കി. ഇത് പൊലീസിന് അഭിമാനകരമാണ്. പൊലീസിന്റെയും പ്രോസിക്യൂഷന്റയും വിജയമായാണ് ഇതിനെ കാണുന്നത്. വിധിക്കുശേഷം ഷാരോണിന്റെ കുടുംബത്തെ കണ്ടിരുന്നുവെന്നും നീതിപൂര്‍വമായ വിധിയാണുണ്ടായതെന്ന് മാതാപിതാക്കള്‍ പറഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
തെളിവിന്റെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടിരുന്നു. പാറശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെപി ഭവനില്‍ ഷാരോണ്‍ രാജിനെ 2022 ഒക്ടോബര്‍ 14ന് വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി ‘കഷായ ചലഞ്ച്’ എന്ന വ്യാജേന കുടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ച് അവശനായ ഷാരോണ്‍ ചികിത്സയിലിരിക്കെ 25നാണ് മരിച്ചത്.ഷാരോണ്‍ കന്യാകുമാരി ജില്ലയിലെ നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്.സി റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. 2021ലാണ് ഷാരോണും ഗ്രീഷ്മയും സൗഹൃദത്തിലായത്. ഇരുവരും വീട്ടിലും പള്ളിയിലും താലികെട്ടി. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമംതുടങ്ങി. മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്മാറാന്‍ ഷാരോണ്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് കൊലപാതകം.ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായും എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. ഇതാണ് അന്വേഷണ സംഘത്തിന് നിര്‍ണായകമായത്. ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചു.
Discussion about this post