ഷാരോണ്‍ രാജിനെ കീടനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്തിമ വാദം കോടതിയില്‍ പൂര്‍ത്തിയായി. ജനുവരി 20ന് ശിക്ഷ വിധിക്കും. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രതിഭാഗം ഇതിനെ എതിര്‍ത്തു. പരമാവധി നല്‍കാനാവുന്ന ശിക്ഷ ജീവപര്യന്തമാണെന്നും പ്രതിയുടെ പ്രായം അടക്കം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്നും പ്രതിഭാഗം വാദിച്ചു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീര്‍ ഗ്രീഷ്മയോട് ചോദിച്ചു. ഇതോടെ പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതിനല്‍കി. ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു.
പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ് പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.
ഷാരോണ്‍ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം. ഒരു ചെറുപ്പക്കാരനെ അല്ല, സ്‌നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ ചിന്തയാണ്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൃത്യം നടത്തിയത്.
ഇരുപത്തിനാലുകാരനായ ഷാരോണ്‍ രാജിനെ 2022 ഒക്ടോബര്‍ 14ന് വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി ‘കഷായ ചലഞ്ച്’ എന്ന വ്യാജേന കുടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ആന്തരികാവയവങ്ങള്‍ തകരാറിലായ ഷാരോണ്‍ ചികിത്സയിരിക്കെ 11-ാംദിവസമാണ് മരിച്ചത്.
പാറശാലയ്ക്ക് സമീപം സമുദായപ്പറ്റ് ജെ പി ഭവനില്‍ ജയരാജിന്റെ മകനായ ഷാരോണ്‍ കന്യാകുമാരി ജില്ലയിലെ നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്.സി റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. 2021ല്‍ ഷാരോണും ഗ്രീഷ്മയും സൗഹൃദത്തിലായി. ഇരുവരും വീട്ടിലും പള്ളിയിലും താലികെട്ടി. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമംതുടങ്ങി. മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്മാറാന്‍ ഷാരോണ്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് കൊലപാതകം. ഇതിന് സഹായിച്ചതിനാണ് അമ്മ സിന്ധുവിനെയും അമ്മാവന്‍ നിര്‍മലകുമാരന്‍നായരെയും പ്രതിചേര്‍ത്തത്.
Discussion about this post