ഷാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലും പ്രിയങ്കയുമടക്കമുള്ള എം.പിമാരെ ഗാസിപുര്‍ അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. യാത്ര തടസപ്പെടുത്തിയതോടെ പൊലീസ് വാഹനത്തിലെങ്കിലും പോകണമെന്ന് രാഹുലും സംഘവും നിലപാടെടുത്തെങ്കിലും പൊലീസ് അനുവദിച്ചില്ല.
ഇവര്‍ സംഭാലിലെത്തുമെന്നറിയിച്ചതോടെ തടയാനായി വന്‍ പൊലീസ് സന്നാഹം തയാറായിരുന്നു. രാവിലെ 11 മണിയോടെയാണ് രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം അതിര്‍ത്തിക്കടുത്ത് എത്തിയത്. എം.പിമാരുടെ വാഹനം ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേയില്‍ എത്തിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
യാത്ര തടയാനായി പൊലീസ് ഹൈവേ തടസപ്പെടുത്തിയതോടെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. റോഡിന് കുറുകെ ബാരിക്കേഡുകളും ട്രക്കുകളും വച്ചാണ് റോഡ് തടസപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര തടയണമെന്ന് സംഭല്‍ ജില്ലാ അധികൃതര്‍ തൊട്ടടുത്ത ജില്ലാ അധികാരികളോടും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ബുലന്ദേശ്വര്‍, അംരോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ തുടങ്ങിയ സ്ഥലത്തെ അധികൃതര്‍ക്ക് സംഭല്‍ ജില്ലാ കലക്ടര്‍ കത്തും നല്‍കിയിരുന്നു.
സംഭലിലെ ഷാഹി ജുമാ മസ്ജിദ് പൈതൃക കേന്ദ്രമാണെന്നും നിയന്ത്രണ അധികാരം വേണമെന്നും ആവശ്യപ്പെട്ട് ആര്‍ക്കിയോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. ക്ഷേത്രം നിന്നസ്ഥലത്താണ് മസ്ജിദ് എന്ന സംഘപരിവാര്‍ പരാതിയില്‍ നടന്ന സര്‍വേ നാല് മുസ്ലിം യുവാക്കളുടെ കൊലപാതകത്തില്‍ കലാശിച്ചതിനു പിന്നാലെയായിരുന്നു അവരുടെ ഈ അവകാശവാദം. കേസ് പരിഗണിക്കുന്ന സംഭല്‍ സിവില്‍ കോടതിയില്‍ എ.എസ്.എ. സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. വിഷയത്തില്‍ എ.എസ്.ഐയോട് കോടതി പ്രതികരണം ആരാഞ്ഞിരുന്നു. മസ്ജിദില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്കണമെന്നതടക്കം ഹര്‍ജിക്കാരുടെ ആവശ്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതാണ് എ.എസ്.ഐ. നിലപാട്.
Discussion about this post