അലന്‍ വാക്കര്‍ ബോള്‍ഗാട്ടിയില്‍ നടത്തിയ സംഗീത നിശക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടത് ആസൂത്രിതമെന്ന് നിഗമനം. സംഗീത നിശക്കിടെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്നാണ് 22 ഐഫോണുകളും 18 ആന്‍ഡ്രോയ്ഡ് ഫോണുകളും മോഷ്ടാക്കള്‍ കവര്‍ന്നത്. അന്യസംസ്ഥാനത്തുനിന്നുള്ള മോഷ്ടാക്കളാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധന തുടങ്ങി. മോഷണത്തിന്റെ രീതി പരിശോധിച്ചതില്‍നിന്ന് സംഘടിത കുറ്റകൃത്യം ആണെന്ന നിഗമനത്തിലാണ് പൊലീസ്. ഫോണ്‍ നഷ്ടപ്പെട്ടവരിലൊരാള്‍ അതിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ നെടുമ്പാശേരിയിലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പൊലീസ് സംഘം അവിടെ എത്തിയപ്പോഴേക്കും ലൊക്കേഷന്‍ മുംബൈ ആയി മാറി. വിമാനത്തിലും ട്രെയിനിലുമായി മോഷണ സംഘം കൊച്ചി വിട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. മോഷണത്തിനു പിന്നില്‍ വലിയ ആസൂത്രണം നടന്നിട്ടുണ്ട് എന്നാണ് ഇതിലൂടെ തെളിയുന്നത്. മോഷണ സംഘം പണം മുടക്കി പരിപാടിക്ക് ടിക്കറ്റെടുത്ത ശേഷം കൊച്ചിയിലെത്തി മോഷണം നടത്തി അപ്പോള്‍ തന്നെ നഗരം വിടുകയും ചെയ്തുവെന്നാണ് കരുതുന്നത്.
ഇതേ മാതൃകയില്‍ മുമ്പ് മുംബൈയിലും ഡല്‍ഹിയിലും ബെംഗളുരുവിലുമെല്ലാം മോഷണം നടന്നിട്ടുണ്ട്. എന്നാല്‍ ഇതിലൊല്ലാം നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.
Discussion about this post